ന്യൂഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യനികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് 40 പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍.
ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറിങ്ങിയത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴസ്, പൊലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിന്നാലെയെത്തി.
ദുരന്തത്തിൽ കെട്ടിടം ഉടമക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നലെ അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. കെട്ടിടം തകര്‍ന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണിത്.